April 1,ലോക വിഡ്ഢി ദിനം: ചിരിയുടെ പിന്നിലെ ചരിത്രം

എല്ലാ വർഷവും ഏപ്രിൽ ഒന്ന് വരുമ്പോൾ ലോകം ഒരു നിമിഷം അൽപ്പം കുസൃതിക്കാരനാകും. ആരെയും പറ്റിക്കാം, ആരെയും കളിയാക്കാം — ആരും ദേഷ്യപ്പെടുകയുമില്ല. ഇതാണ് ലോക വിഡ്ഢി ദിനം.
എന്നാൽ ഈ ചിരിയുടെ പിന്നിൽ അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള ഒരു കഥയുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ ഫ്രാൻസ് ഒരു വലിയ മാറ്റം വരുത്തി. ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറി. ഇതോടെ പുതുവർഷം ഏപ്രിൽ ഒന്നിൽ നിന്ന് ജനുവരി ഒന്നിലേക്ക് ചേക്കേറി. പക്ഷേ ഈ വാർത്ത എല്ലാ ഗ്രാമങ്ങളിലും എത്തിയില്ല.
അന്ന് ടെലിഫോണില്ല, ഇന്റർനെറ്റില്ല, ബ്രേക്കിംഗ് ന്യൂസില്ല. ചിലർ കലണ്ടർ മാറ്റം അറിഞ്ഞില്ല. ചിലർ അറിഞ്ഞിട്ടും വിശ്വസിച്ചില്ല. അവർ ഏപ്രിൽ ഒന്നിന് പുതുവർഷം ആഘോഷിച്ചുകൊണ്ടേ ഇരുന്നു. ഇക്കൂട്ടരെ “ഏപ്രിൽ വിഡ്ഢികൾ” എന്ന് വിളിച്ച് കളിയാക്കുന്ന ശീലം ക്രമേണ ഒരു ആഘോഷമായി മാറി.
പുതിയ കലണ്ടർ ഔദ്യോഗികമായി ആദ്യം അംഗീകരിച്ചത് ഫ്രാൻസ് ആണ്. ആ ഒരു തീരുമാനത്തിൽ നിന്നാണ് ഈ ആഘോഷത്തിന്റെ ഉത്ഭവം പിന്നെ ബ്രിട്ടനിലേക്ക് പടർന്നു, അവിടെ നിന്ന് ലോകമൊട്ടാകെ.
ഒരേ ദിനം, വ്യത്യസ്ത ആഘോഷങ്ങൾ
ഫ്രാൻസിൽ ഇതിന് “Poisson d’Avril” — ഏപ്രിൽ മത്സ്യം — എന്നാണ് പേര്. ആരുടെ പുറത്തെങ്കിലും ഒളിഞ്ഞ് കടലാസ് മത്സ്യം ഒട്ടിക്കുക, പിന്നെ “April Fish!” എന്ന് വിളിച്ചു ചിരിക്കുക.ഇങ്ങനെയാണ് ഫ്രാൻസിൽ ഏപ്രിൽ ഒന്നിന് ആഘോഷം.
സ്കോട്ട്ലൻഡിൽ ഈ ആഘോഷം ഒറ്റ ദിവസം കൊണ്ട് തീരില്ല, രണ്ട് ദിവസം വേണം. ആദ്യ ദിവസം — Gowkie Day. രണ്ടാം ദിവസം — Tailie Day. “Kick Me” എന്നെഴുതിയ സ്റ്റിക്കറുകൾ ഒരാൾ അറിയാതെ അയാളുടെ പിറകിൽ ഒട്ടിക്കുകയും അതറിയാതെ അയാൾ നടക്കുകയും ചെയ്യുന്നതാണ് അതിലെ തമാശ.
അയർലൻഡിൽ മറ്റൊരു ആചാരം. ഒരു കത്ത് ഒരാളുടെ കൈയ്യിൽ കൊടുക്കും, “ഇത് ആ ആളുടെ കൈയ്യിൽ കൊടുക്കണം” എന്ന് പറഞ്ഞ് വിടും . ആ കത്ത് തുറക്കുമ്പോൾ ഉള്ളടക്കം ഇങ്ങനെയായിരിക്കും : “ഈ വിഡ്ഢിയെ മറ്റൊരാളുടെ കൈയ്യിൽ ഏൽപ്പിക്കൂ.”
ചരിത്രം ഓർക്കുന്ന ചില തമാശകൾ
1957-ൽ BBC ഒരു പരിപാടി സംപ്രേഷണം ചെയ്തു. അതിൽ സ്വിറ്റ്സർലാൻഡിലെ കർഷകർ മരങ്ങളിൽ നിന്ന് സ്പഗെറ്റി പറിക്കുന്നതുപോലെ കാണിച്ചു.
ആ സമയത്ത് പലർക്കും സ്പഗെറ്റി എങ്ങനെ ഉണ്ടാക്കുന്നു എന്നറിയില്ലായിരുന്നു. അതിനാൽ ഇത് സത്യമാണ് എന്ന് അവർ വിശ്വസിച്ചു.
അതിനുശേഷം ആയിരക്കണക്കിന് ആളുകൾ BBC-യെ ബന്ധപ്പെട്ടു:
“ഞങ്ങൾക്കും ഒരു സ്പഗെറ്റി കൃഷി ചെയ്യണം’ എന്ന് പറഞ്ഞുകൊണ്ട് !
പക്ഷേ യഥാർത്ഥത്തിൽ സ്പഗെറ്റി ചെടിയിൽ വളരുന്നില്ല.
സ്പഗെറ്റി ഗോതമ്പ് മാവിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ഭക്ഷണം (പാസ്റ്റ) മാത്രമാണ്. 
1974-ൽ അലാസ്കയിൽ നടന്ന ഒരു പ്രശസ്ത തമാശ
നിദ്രാവസ്ഥയിലായിരുന്ന ഒരു അഗ്നിപർവ്വതത്തിൽ ഒരാൾ ഏകദേശം 70 പഴയ ടയറുകൾ കൊണ്ടുപോയി കത്തിച്ചു. അതിനാൽ കനത്ത പുക ഉയർന്നു.
ആ പുക കണ്ട് പ്രദേശവാസികൾ “അഗ്നിപർവ്വതം പൊട്ടുന്നു!” എന്ന് കരുതി ഭയന്നു. പലരും അധികൃതരെ വിവരം അറിയിച്ചു.
പിന്നീട് പരിശോധിച്ചപ്പോൾ അത് അഗ്നിപർവ്വത സ്ഫോടനം അല്ല, ഒരു ഏപ്രിൽ ഫൂൾ തമാശ മാത്രമാണെന്ന് മനസ്സിലായി.
1998-ൽ അമേരിക്കയിൽ നടന്ന ഒരു പ്രശസ്ത തമാശ 
Burger King United States-ൽ “ഇടം കൈക്കാരൻമാർക്കായി പ്രത്യേകം തയ്യാറാക്കിയ Left-Handed Whopper” എന്ന പരസ്യം പുറത്തിറക്കി.
ആ പരസ്യം കണ്ട ആളുകൾ പലരും ഹോട്ടലുകളിൽ എത്തി “ഇടം കൈ ബർഗർ” ആവശ്യപ്പെട്ടു. ചിലർ പ്രത്യേകമായി അതിനായി ക്യൂവിലും നിന്നു.
പിന്നീട് ഇത് യഥാർത്ഥ ഉൽപ്പന്നമല്ല, ഒരു തമാശ പരസ്യമാത്രമാണെന്ന് കമ്പനി അറിയിച്ചു.
ഈ ദിനം ഒരു “annual permission slip” ആണ് — ഒരു വർഷം ഒരിക്കൽ, ലോകം ഒന്നടങ്കം, ഒരു കുട്ടിയെ പോലെ ഊറിച്ചിരിക്കാനുള്ള ദിവസം, ഈ ദിവസത്തിനും ചിരികൾക്കും പ്രായമാകുന്നേയില്ല
