Travel

മലപ്പുറം ജില്ലയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

 Tourist Places in Malappuram

മലകളും മരങ്ങളും പുഴകളും നിറഞ്ഞ മനോഹരമായ നാടാണ് മലപ്പുറം. മലപ്പുറം ജില്ലയിൽ കാണാൻ  സുന്ദരമായതും, ചരിത്രപ്രാധാന്യമുള്ളതുമായ  സ്ഥലങ്ങൾ   ഏതെല്ലാമെന്ന്  നോക്കാം.

നിലമ്പൂർ

മലപ്പുറം ജില്ലയിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന് നിലമ്പൂരാണ്. ഹരിത ഭംഗി നിറഞ്ഞതും കണ്ണിന് കുളിർമയേകുന്നതുമായ സുന്ദര കാഴ്ചകൾ നിറഞ്ഞുനിൽക്കുന്ന ഇടമാണ് നിലമ്പൂർ. മലപ്പുറം ടൗണിൽ നിന്നും ഏകദേശം 40 കിലോമീറ്റർ അകലെയാണ് നിലമ്പൂർ സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ കാട് ഇവിടെയാണുള്ളത്. കനോലി പ്ലോട്ട് എന്ന് പേരുള്ള ഈ പ്രദേശത്തേക്ക് പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരമേയുള്ളൂ. ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കളക്ടർ ആയിരുന്ന ഹെൻട്രി വാലന്റൈൻ കനോലിയാണ് ഈ തേക്കിൻ തോട്ടം വെച്ചുപിടിപ്പിച്ചത്. അദ്ദേഹത്തിൻറെ ഓർമ്മയ്ക്കായാണ് കനോലി പ്ലോട്ട് എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചത്. ഇവിടുത്തെ പ്രധാന കാഴ്ചകൾ തേക്ക് മ്യൂസിയവും ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലവുമാണ്. ഒപ്പം ചാലിയാറിൽ ബോട്ട് യാത്രയും നടത്താം.

ആഢ്യൻപാറ വെള്ളച്ചാട്ടം
നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിലാണ് ആഢ്യൻപാറ വെള്ളച്ചാട്ടമുള്ളത്. മഴക്കാലമെത്തുമ്പോൾ തീവ്രമായ ഒഴുക്കുള്ള വെള്ളച്ചാട്ടമാണ് ആഢ്യൻപാറ. മനോഹരമായ വെള്ളച്ചാട്ടത്തിന്റെ കാഴ്ച കാണുന്നതോടൊപ്പം വെള്ളത്തിനടിയിലെ ചതിക്കുഴികൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ആഢ്യൻപാറയുടെ പരിസരപ്രദേശങ്ങളും നയനമനോഹരമാണ്. പച്ചപിടിച്ചു നിൽക്കുന്ന കാടും മറ്റും  വിനോദയാത്രക്കാരുടെ മനസ്സിന് കുളിർമയേകുന്ന കാഴ്ചയാണ്.

മലപ്പുറം- നിലമ്പൂരിൽ നിന്നും 15 K.M അകലെ കരുളായി എന്ന പ്രദേശത്താണ് നെടുങ്കയം വനമേഖല സ്ഥിതി ചെയ്യുന്നത്. നീലഗിരി ബയോസ്ഫിയർ റിസേർവിന്റെ കീഴിലാണ് നിലവിൽ ഇവിടമുള്ളത്. കേരളത്തിലെ രണ്ടാമത്തെ ഇക്കോ-ടൂറിസം സെന്റർ ആയ നെടുങ്കയത്ത് ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും ഔഷധസസ്യങ്ങളുടെയും ഒരു വലിയ കലവറ തന്നെയാണുള്ളത്. മുതിർന്നവർക്ക് 35 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന നിരക്ക്. 9 മണിമുതൽ 4 മണി വരെയാണ് ഇവിടുത്തെ സന്ദർശന സമയം.

വനത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ തന്നെ ചീവീടുകളുടെ ശബ്ദം നിങ്ങളുടെ ചെവികളിൽ എത്തി തുടങ്ങും. ഇടതൂർന്നു നിൽക്കുന്ന തേക്ക്, ഇരൂൾ, പൂവത്തി തുടങ്ങിയ മരങ്ങളാണ് ഇവിടെ കാണാൻ സാധിക്കുക. നെടുങ്കയത്തിന് ഈ പേര് വരാൻ ഒരു കാരണമുണ്ട്, ഇവിടെയുള്ള കരിമ്പുഴയിൽ ഒരുപാട് അപകട മരണങ്ങൾ നടന്നിട്ടുണ്ട്, കയത്തിനുള്ളിൽ അകപ്പെട്ടാണ് ഇവയെല്ലാം നടന്നിരിക്കുന്നത്. അതിനാലാണ് ഇതിനെ ‘വലിയ കയം’ എന്നർത്ഥത്തിൽ നെടുങ്കയം എന്ന് വിളിക്കുന്നത്. ഇവിടുത്തെ പ്രധാന ആകർഷണം ബ്രിട്ടീഷുകാർ നിർമ്മിച്ച ഇരുമ്പ് പാലമാണ്. വർഷങ്ങളുടെ പഴക്കമുണ്ടായിട്ടും ഈ കഴിഞ്ഞ മഹാപ്രളയത്തിൽ പോലും തകരാത്ത ഒരു മാസ്റ്റർപീസ് തന്നെയാണ് നെടുങ്കയം പാലം. ഏകദേശം 1930 കാലഘട്ടത്തിൽ പണിതീർത്ത ഈ പാലത്തിന്റെ ശില്പി ഇ.എസ് ഡോസൺ എന്ന ബ്രിട്ടീഷ് എഞ്ചിനീയർ ആണ്. ദൗർഭാഗ്യവശാൽ തന്റെ നാല്പത്തിയൊന്നാം വയസ്സിൽ കരിമ്പുഴയിലെ കയത്തിൽപ്പെട്ട് അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ സ്മാരകം ഇന്നും നെടുങ്കയത്ത് നിലകൊള്ളുന്നു.നെടുങ്കയത്തിന്റെ ആനപ്പന്തിയും വളരെ പ്രസിദ്ധമാണ്. 1935 കാലഘട്ടം മുതൽ ഇവിടെ ആനകളെ മെരുക്കാനായി കൊണ്ട് വന്നിരുന്നു. മുൻപ് 5 ആനപ്പന്തികൾ വരെ ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ ഒരേ ഒരു ആനപ്പന്തി മാത്രമേ കാണാനുള്ളൂ. ഇതിൽ തന്നെ 3 ആനകളെ വരെ ഒരുമിച്ച് മെരുക്കാൻ സാധിക്കും. എന്നാൽ ഇന്ന് ഇത് പ്രവർത്തന സജ്ജമല്ല. ഇവിടുത്തെ മറ്റൊരാകർഷണം ഇ.എസ് ഡോസൺ താമസിച്ചിരുന്ന ബംഗ്ലാവ് ആണ്. പഴയ കാലത്തിന്റെ ചാരുത അടുത്തിടെ നടത്തിയ ചില മിനുക്കുപ്പണികളോട് കൂടി നമുക്ക് ഇവിടം ദർശിക്കാവുന്നതാണ്. പച്ചനിറത്തിലുള്ള ഈ ബിൽഡിങ്ങിൽ വലിയ ഒരു ബാൽക്കണി ഉണ്ട്. ഇവിടെ നിന്ന് നോക്കിയാൽ കരിമ്പുഴയുടെ ദൃശ്യഭംഗി ആവോളം ആസ്വദിക്കാൻ കഴിയും. പൂർണ്ണമായും തെളിഞ്ഞ ജലമാണ് കരിമ്പുഴയിലേത്. എത്ര ഉയരത്തിൽ നിന്ന് നോക്കിയാലും പുഴയുടെ അടിത്തട്ട് വരെ കാണാൻ സാധിക്കും.അതുകൊണ്ട് തന്നെ പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് പുഴ വളരെ ആഴം കുറഞ്ഞു കിടക്കുന്നതായേ അനുഭവപ്പെടുകയുള്ളൂ. എന്നാൽ നല്ല ആഴവും കയങ്ങളും ഒപ്പം ഒഴുക്കുമുള്ള ഒരു സംഹാരിണി തന്നെയാണ് ഈ പുഴ. ഈ കാരണത്താൽ തന്നെ എത്ര ആഗ്രഹമുണ്ടായാലും പുഴയിൽ ഇറങ്ങാൻ ശ്രമിക്കരുത്.

മിനി ഊട്ടി

കുറഞ്ഞ കാലംകൊണ്ട് മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായി മാറിയ പ്രദേശമാണ് മിനി ഊട്ടി.

മലനിരകളും കുന്നുകളും കോടമഞ്ഞും നിറഞ്ഞ പ്രകൃതിയുള്ള ഇവിടം കാണാൻ നിരവധിപേർ എത്തുന്നു. മനോഹര കാഴ്ചകൾക്കൊപ്പം ഊട്ടിയെ അനുസ്മരിപ്പിക്കുന്ന തണുപ്പുമുള്ളതുകൊണ്ടാണ്  ‘മിനി ഊട്ടി ‘ എന്ന പേര്  വന്നത്. മിനി ഊട്ടിയിലേക്കുള്ള യാത്രയിൽ പലയിടത്തായി സഞ്ചാരികളുടെ മനം കവരുന്ന വ്യൂ പോയിൻ്റുകളുണ്ട്. അടുത്തകാലത്തായി എത്തിയ അമ്യൂസ്മെൻ്റ് പാർക്കുകളും റിസോർട്ടുകളും മിനി ഊട്ടിയെ ഒരു വർഷത്തിനിടെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റി.

ഗ്ളാസ് ബ്രിഡ്‌ജ്‌  ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. നിലവിലുള്ള ഗ്ളാസ് ബ്രിഡ്ജിനു പുറമെ മറ്റൊന്നു കൂടി ഇവിടെ വരുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ചില്ലുപാലമായിരിക്കും അതെന്നാണ് നടത്തിപ്പുകാർ പറയുന്നത്.

കക്കാടംപൊയിൽ

മലപ്പുറത്തിന്റെ മലമ്പ്രദേശമാണ് കക്കാടംപൊയിൽ. കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തിയിലാണ് കക്കാടംപൊയിൽ സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള ചുരങ്ങളും കയറ്റവും പച്ചപ്പും നിറഞ്ഞ പ്രദേശമാണിത്. എല്ലാ സീസണിലും കക്കാടംപൊയിലിലേക്കുള്ള യാത്ര ആനന്ദകരമായിരിക്കും. കോഴിപ്പാറ വെള്ളച്ചാട്ടവും പഴശ്ശി ഗുഹയും എല്ലാം കക്കാടംപൊയിലിലെ മനോഹര കാഴ്ചകളാണ്. വിനോദയാത്രക്കാർക്ക് ധാരാളം റിസോർട്ടുകളും കക്കാടംപൊയിലിൽ ഒരുങ്ങിയിട്ടുണ്ട്.

കേരളംകുണ്ട്  വെള്ളച്ചാട്ടം

മലപ്പുറം ജില്ലയുടെ വടക്കുകിഴക്കെ അതിർത്തിയിൽ സൈലന്റ് വാലി നാഷണൽ പാർക്കിനോടടുത്ത് കരുവാരക്കുണ്ട് എന്ന സ്ഥലത്ത് 1350 അടി ഉയരമുള്ള കുമ്പൻ മലയുടെ അടിവാരത്തിലാണ് കേരളംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1500 അടി ഉയരത്തിലും ഏകദേശം 150 അടി ഉയരത്തിലുമാണ് കേരളംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സമ്പന്നമായ ജൈവവൈവിധ്യവും പ്രകൃതി സൗന്ദര്യവും ഈ സ്ഥലത്തെ എല്ലാവരും, പ്രത്യേകിച്ച് പ്രകൃതി സ്നേഹികൾ, തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാക്കി മാറ്റുന്നു. 

കൊടികുത്തിമല

കൊടികുത്തിമല മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്ന് 11 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ കുന്നിൻ പ്രദേശമാണ്. ചെറിയ നീർച്ചാലുകളും പച്ചപ്പും നിറഞ്ഞ ഈ പ്രദേശം മനോഹരമാണ് കൊടികുത്തി എന്ന പദത്തിന്റെ അർത്ഥം പതാക സ്ഥാപിക്കൽ എന്നാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഭൂമി സർവേയ്ക്കിടെ ഈ കുന്നിൻ മുകളിൽ ഒരു പതാക ഉയർത്തിയിരുന്നതായും അതിനാലാണ് സ്ഥലത്തിന് ഈ പേര് ലഭിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിലാണ് ഈ കുന്ന് സ്ഥിതി ചെയ്യുന്നത്.

നാടുകാണിച്ചുരം 

വനയാത്രയുടെ വശ്യതമുറ്റിനിൽക്കുന്ന ഇടമാണ് നാടുകാണിചുരം. നീലഗിരി ജൈവ സംരക്ഷണ മേഖലയിലുള്‍പ്പെടുന്ന ഈ പ്രദേശം അപൂര്‍വ ഇനം സസ്യങ്ങളുടെയും ശലഭങ്ങളുടെയും ജീവജാലങ്ങളുടെയും സങ്കേതം കൂടിയാണ്. 

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാന ഭാഗങ്ങളിലേക്ക് പോകാന്‍ വഴി  തേടിയുള്ള ബ്രിട്ടീഷുകാരനായ വില്യം കാംബെല്ലിന്റെ യാത്രയാണ് നാടുകാണിയെ നമുക്ക് സമ്മാനിച്ചത്. ബ്രിട്ടീഷ് സര്‍ക്കാറിന്റെ പൊതുമരാമത്ത് വകുപ്പില്‍ ഓഫീസറായിരുന്ന വില്യം കാംബെല്‍ 1864ല്‍ ഈ ചുരം പാത കണ്ടെത്തിയതെന്നാണ് ചരിത്രം പറയുന്നത്. ചുരം പാത കണ്ടെത്താന്‍ അദ്ദേഹത്തിന് വഴികാട്ടിയായി ഒരു ആദിവാസിയും കൂടെ ഒരു നായയും ഉണ്ടായിരുന്നു. ഇന്നത്തെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാന ഭാഗങ്ങളിലേക്ക് പോകാന്‍ ചുരം പാത തേടിയുള്ള ഇവരുടെ യാത്രക്കിടെ വനാന്തരത്തില്‍ അകപ്പെട്ടതോടെ ആദിവാസി അവരുടെ തനതായ ഭാഷാ ശൈലിയില്‍ “നാടുകാണി” എന്ന് പറഞ്ഞെന്നും അങ്ങനെയാണ് ചുരത്തിന് ആ പേര് വന്നതെന്നും പറയപ്പെടുന്നു. 

ഊരകം മല

മലബാറിന്റെ മനോഹരമായ ദൃശ്യവിസ്മയമാണ്  ഊരകം മല.

മലപ്പുറം ടൗണിൽ നിന്ന് 12 കിലോമീറ്റർ ദൂരെ  പരപ്പനങ്ങാടി വഴിയിൽ  വേങ്ങരക്ക് സമീപം  ഊരകം, കണ്ണമംഗലം , വേങ്ങര പഞ്ചായത്തുകളിലായി പരന്ന് കിടക്കുകയാണു ഊരകം മല. അതിപുരാതനമായ 2000 വർഷത്തിലെറെ പഴക്കമുള്ള ശങ്കര നാരായണസ്വാമിക്ഷേത്രം ഇവിടെ  സ്ഥിതി ചെയ്യുന്നുണ്ട്. 

ഊരകം മലയുടെ  മറുവശം കൊണ്ടോട്ടി അരിമ്പ്ര പൂക്കോട്ടൂർ എന്നിവയാണ്. 

പൊന്നാനി

മലപ്പുറം ജില്ലയിലെ മനോഹരമായ ഒരു തീരദേശമാണ് പൊന്നാനി. വടക്ക് ഭാഗത്ത് ഒരു അഴിമുഖവും, തെക്ക് ഭാഗത്ത് കായലും, പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലും അതിർത്തി പങ്കിടുന്നു. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ നദിയായ ഭാരതപ്പുഴ,മലബാറിലൂടെയുള്ള ദീർഘവും വളഞ്ഞുപുളഞ്ഞതുമായ യാത്രയുടെ അവസാനം അറബിക്കടലിൽ ചേരുന്നത് ഇവിടെയാണ്. നമ്പൂതിരി നാടുവാഴികളുടെ നിയന്ത്രണത്തിലുള്ള പ്രശസ്തമായ ഒരു തുറമുഖമായിരുന്നു പൊന്നാനി. പിന്നീട് കോഴിക്കോട് സാമൂതിരിമാരുടെ കൈകളിലേക്ക് അധികാരം മാറി.

ഒരു പ്രധാന തീരദേശ പട്ടണമായതിനാൽ ഈ സ്ഥലത്തിന് ചരിത്രപരമായ പ്രാധാന്യവുമുണ്ട്. 2000 വർഷങ്ങൾക്ക് മുമ്പ് അറബ് വ്യാപാരികളുടെ പ്രിയപ്പെട്ട സ്ഥലമായിരുന്നതിനു പുറമേ, ഇസ്ലാം മതം ഇവിടെ പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നിരവധി മുസ്ലീം ആത്മീയ നേതാക്കൾക്ക് ഈ സ്ഥലം ആകർഷകമായിരുന്നു. ഫെബ്രുവരി/ഏപ്രിൽ മാസങ്ങളിൽ ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഇവിടെയെത്തുന്നു. പൊന്നാനിക്ക് സമീപം സ്ഥിതി ചെയ്യുന്നത് ബിയ്യം കായലാണ്, ജല കായിക സൗകര്യങ്ങളുള്ള ശാന്തവും പച്ചപ്പു നിറഞ്ഞതുമായ ഒരു ജലപാതയാണിത്.

കോട്ടക്കുന്ന്

മനോഹരമായ ഒരു കുന്നിൻപുറത്തെ ഉദ്യാനമാണ് കോട്ടക്കുന്ന് . കോട്ടക്കുന്ന് പാർക്കിൽ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം, ലളിത കലാ അക്കാദമി ആർട്ട് ഗാലറി, ഡിടിപിസി ഹെലിപാഡ്, ഒരു വാട്ടർ തീം പാർക്ക് മുതലായവ ഉൾപ്പെടുന്നു.. കോഴിക്കോടു സാമൂതിരിമാർ നിർമ്മിച്ച ആദ്യത്തെ കോട്ടയുടെ അടയാളങ്ങൾ കോട്ടക്കുന്നിൽ കാണാം.ഈ വിനോദസഞ്ചാര കേന്ദ്രം പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്നു. മലപ്പുറം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ജില്ലാ കളക്ടറേറ്റിന് സമീപമുള്ള കന്റോൺമെന്റ് കുന്നിന്റെ കൊടുമുടിയിലാണ് ഈ മനോഹരമായ കുന്ന്  സ്ഥിതി ചെയ്യുന്നത്. 

വക്കാട് ബീച്ച്

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് സ്ഥിതി ചെയ്യുന്ന  പ്രശസ്തമായ ഒന്നാണ്  വക്കാട്ബീച്ച്. ആനമലയിൽ നിന്ന് ആരംഭിച്ച് കായലിലൂടെ തെന്നിമാറി പൊന്നാനിയിലെ അഴിമുഖത്തേക്ക് ഒരു ബോട്ട് യാത്ര നടത്തുന്നത് ആനന്ദകരമായ അനുഭവമാണ്. അവിടെ വക്കാട് ബീച്ചിലൂടെ നദി കടലിൽ ചേരുന്നു.

കോഴിപ്പാറ വെള്ളച്ചാട്ടം

നയനമനോഹരമായാ പച്ചപ്പിന്റെ  ചുറ്റുപാടുകളിൽ സ്ഥിതി ചെയ്യുന്ന കോഴിപ്പാറ വെള്ളച്ചാട്ടം കോഴിക്കോട് – മലപ്പുറം അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. സാഹസിക വിനോദ സഞ്ചാരികൾക്ക് ഏറ്റവും അനുയോജ്യമായ വെള്ളച്ചാട്ടമാണിത്. നീന്തലിനും ട്രെക്കിംഗിനും അനുയോജ്യമായ സ്ഥലമാണിതെങ്കിലും സൂക്ഷിക്കേണ്ടതുണ്ട്..

തുഞ്ചൻ സ്മാരകം 

മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന   തുഞ്ചത്തെഴുത്തച്ഛന്റെ  സ്മാരകമായി ഇന്ന് മലപ്പുറം ജില്ലയിൽ തിരൂർ-പൂങ്ങോട്ടുകുളം കൂട്ടായി റോഡിൽ സ്ഥിതി ചെയ്യുന്ന തുഞ്ചൻ സ്മാരകമാണ് തുഞ്ചൻ പറമ്പ് എന്ന് അറിയപ്പെടുന്നത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് 1.5 കി.മീ. ദൂരത്തിലാണു തുഞ്ചൻ പറമ്പ് സ്ഥിതിചെയ്യുന്നത്. എല്ലാ വിദ്യാരംഭ ദിവസവും   മലയാളത്തിന്റെ ഹരിശ്രീ കുറിക്കാൻ അനേകം കുട്ടികൾ ഇവിടെ എത്താറുണ്ട്. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. അദ്ദേഹം, പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. 

മാമാങ്കം സ്മാരകങ്ങൾ

മലപ്പുറത്തെ തിരുനാവായയിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ  ഭാരതപ്പുഴയുടെ തീരത്ത് ആഘോഷിക്കുന്ന ഒരു പുരാതന കേരള ഉത്സവമായിരുന്നു മാമാങ്കം. 28 ദിവസം നീണ്ടുനിന്ന ഈ മഹത്തായ ഉത്സവം മധ്യകാലഘട്ടം മുതൽ കേരളത്തിലെ ഉത്സവങ്ങൾക്കും വ്യാപാരമേളയ്ക്കും പേരുകേട്ടതായിരുന്നു. ഇന്നത്തെ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം വ്യാപാരികൾ ഇവിടെ വ്യാപാരത്തിനായി എത്തി. പതിനാലാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ കുലശേഖരരുടെ (ചേര രാജവംശം) കാലത്ത് ആഘോഷിക്കപ്പെട്ട മാമാങ്കം ഉത്സവം 1776-ൽ ഹൈദർ അലി കോഴിക്കോട് കീഴടക്കിയതോടെ അവസാനിച്ചു.

ഡിടിപിസി മലപ്പുറം സംരക്ഷിക്കുന്ന ചില മാമാങ്ക സ്മാരകങ്ങളുടെ വിവരങ്ങളാണ് താഴെ.

മണിക്കിണർ : കൊടക്കൽ-ആലത്തിയൂർ റോഡിൽ സ്ഥിതി ചെയ്യുന്നമണിക്കിണർ ശത്രുക്കളുടെ പിടിയിലാകുന്ന ആനകളെ അടക്കം ചെയ്തിരുന്ന സ്ഥലമായിരുന്നു.

നിലപാട്  തറ: കൊടക്കൽ – തിരൂർ റോഡിൽ സ്ഥിതി ചെയ്യുന്ന നിലപാട് തറ  മാമാങ്കത്തിൻ്റെ വേദിയായിരുന്നു.

മരുന്നറ: കൊടക്കൽ – ബന്തർ റോഡിൽ സ്ഥിതി ചെയ്യുന്ന മരുന്നറ  ഭരണാധികാരികൾ യുദ്ധങ്ങൾക്കുള്ള സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു.

ചങ്ങമ്പള്ളി കളരി: താഴത്തറ – കുറ്റിപ്പുറം റോഡിൽ സ്ഥിതി ചെയ്യുന്ന ചങ്ങമ്പള്ളി കളരി  സൈനികർക്ക് യുദ്ധപരിശീലനം നൽകിയ സ്ഥലമായിരുന്നു.

പഴുക്കമണ്ഡപം: പ്രശസ്തമായ തിരുനാവായ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ മണ്ഡപം, മാമാങ്കം ഉത്സവം കാണാൻ രാജാക്കന്മാരും രാജ്ഞിമാരും ഇരുന്ന സ്ഥലമാണ്.

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua.

Leave a Reply

Your email address will not be published. Required fields are marked *