പഞ്ചാര വെറും പഞ്ചാരയല്ല!

ഇന്ന് പഞ്ചസാര ഉപയോഗിക്കാത്തവരായിട്ട് ആരാണുള്ളത്. ചായയ്ക്കാണെങ്കിലും സ്നാക്സിനാണെങ്കിലും മറ്റും മധുരം ഉപയോഗിക്കുന്നവരാണ് നമ്മളിൽ മിക്കവരും. എത്ര മധുരം കഴിച്ചാലും മതിവരാത്തവരും നമുക്കിടയിലുണ്ട്. എന്നാൽ ഇത്തരത്തിൽ മധുരം കഴിക്കുന്നത് എത്രത്തോളം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് .
. പഞ്ചസാര അമിതമായി കഴിച്ചാൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു. അമിതമായി പഞ്ചസാര കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
അമിതമായി പഞ്ചസാര കഴിക്കുന്നവരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. മധുര പാനീയങ്ങളിലും മറ്റും കലോറിയുടെ അളവ് വളരെ കൂടുതലാണ്. ഇത്തരത്തിൽ പഞ്ചസാര അമിതമായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ പിടിപെടാൻ കാരണമായിത്തീരും എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു
പഞ്ചസാരയുടെ ഉപയോഗം അമിതമായാല്‍ ഹൃദയപേശികളുടെ ആരോഗ്യത്തിന് ഇത് പ്രതികൂലമായി ബാധിക്കും. ഇത്തരത്തിൽ അമിതമായി പഞ്ചസാര കഴിക്കുന്നത് ഹൃദയ പേശികളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്‌ഫേറ്റിന്റെ അളവ് കൂടാൻ കാരണമാകും. ഇത് വഴി ഹൃദ്രോഗം ഉണ്ടാകുകയും ചെയ്യും.
ക്യാൻസർ സെല്ലുകളെ വളരാൻ സഹായിക്കുന്ന ഒന്നാണ് പഞ്ചസാര. അത് കൊണ്ട് തന്നെ പഞ്ചസാരയുടെ ഉപയോഗം അമിതമായാല്‍ ക്യാന്‍സര്‍ സെല്ലുകള്‍ വളരാന്‍ ഇത് ഇടയാക്കും എന്ന് പഠനങ്ങളിൽ പറയുന്നു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ എന്ന മാസികയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. യീസ്റ്റിന്‍റെ ഫെര്‍മെന്‍റേഷന്‍ പ്രക്രിയ നടക്കുമ്പോള്‍ സെല്ലുകള്‍ വളരുകയും വര്‍ധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
പഞ്ചസാരയുടെ അമിത ഉപയോഗം നമ്മുടെ പ്രതിരോധശേഷി നശിപ്പിക്കാൻ കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. അമിതമായി പഞ്ചസാര ഉപയോഗിക്കുന്നത് എന്‍ഡോര്‍ഫിന്റെ അളവ് കൂടാന്‍ കാരണമാകും. ഇത് നമ്മുടെ ശരീരത്തിലെ പ്രതിരോധ ശേഷിയെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കും. അത് കൊണ്ട് അമിതമായുള്ള പഞ്ചസാര പ്രിയം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ഗർഭകാലത്ത് അമിതമായി പഞ്ചസാര ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. കാരണം , ഗര്‍ഭസ്ഥശിശുവിന്റെ പേശീവളര്‍ച്ചയെ പഞ്ചസാര സാരമായി ബാധിക്കും. ഇത് പിന്നീട് പ്രസവശേഷം കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കും. അത് കൊണ്ട് തന്നെ ഗർഭിണികൾ പഞ്ചസാര പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
പലപ്പോഴും അമിതമായി മധുരം കഴിക്കുന്നത് കൊണ്ട് പല്ലുകൾ പെട്ടെന്ന് തന്നെ കേടാകാനും കൊഴിഞ്ഞു പോകാനും ഇടയാകും. അമിതമായ അളവിൽ മധുരം ചേർത്ത് കാപ്പിയോ ചായയോ കുടിക്കുന്ന ശീലമുള്ളവരുടെ പല്ലുകളും വളരെ പെട്ടെന്ന് തന്നെ കേടാകാനുള്ള സാധ്യതയുണ്ട്. കാപ്പി കുടിച്ചശേഷം ശരിയായി വായ് കഴുകുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പല്ലിനു കറ പിടിക്കുവാനും പോട് വരുവാനുമുള്ള സാധ്യത ഏറെയാണെന്ന് മനസ്സിലാക്കുക ..
അമിതമായ അളവില്‍ പഞ്ചസാര ഉപയോഗിച്ചാല്‍ പ്രോട്ടീനുകളെ ബാധിക്കും. അത് കൊണ്ട് തന്നെ പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറക്കാൻ ശ്രദ്ധിക്കുക. രക്തത്തിലെ പ്രധാനപ്പെട്ട രണ്ട് പ്രോട്ടീനുകളാണ് ആല്‍ബുമിന്‍, ലിപോപ്രോട്ടീന്‍സ് എന്നിവ . ഇവയുടെ പ്രവർത്തനങ്ങൾ അമിതമായ പഞ്ചസാര ഉപയോഗം ഇല്ലാതാക്കും. കൂടാതെ ശരീരത്തില്‍ കൊഴുപ്പും കൊളസ്‌ട്രോളും അടിഞ്ഞുകൂടാന്‍ ഇത്തരത്തിൽ അമിതമായി പഞ്ചസാര കഴിക്കുന്നത് കാരണമാകും.
അത് കൊണ്ട് തന്നെ പഞ്ചസാര അമിതമായി ഉപയോഗിക്കുന്നവർ പതുക്കെപ്പതുക്കെ അതിന്റെ അളവ് കുറച്ചുകൊണ്ടുവരാൻ ശ്രദ്ധിക്കുക. ഒരു നേരത്തെ നാവിന്റെ രുചിയേക്കാൾ എത്രയോ പ്രധാനമാണ് നമ്മുടെ ആരോഗ്യവും ജീവനും എന്ന ഓർമ്മ മനസ്സിലുണ്ടാകട്ടെ.
Informative