പൈനാപ്പിൾ കഴിച്ചാൽ പലതുണ്ട് കാര്യം !
പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ധാരാളം പോഷകങ്ങൾ നൽകുന്ന ഒരു പഴമാണ് പൈനാപ്പിൾ . ധാരാളം ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് പൈനാപ്പിൾ. കലോറി കുറഞ്ഞതും ആരോഗ്യത്തിന് ആവശ്യമുള്ളതുമായ ധാരാളം ഘടകങ്ങൾ പൈനാപ്പിളിലുണ്ട് . വിറ്റാമിൻ സി, ബി 6, പൊട്ടാസ്യം , അയൺ, പ്രോട്ടീൻ തുടങ്ങിയ വിറ്റാമിനുകളുടെ ഗുണങ്ങളെല്ലാം ഒരു കപ്പ് പൈനാപ്പിൾ കഷ്ണങ്ങളിലൂടെ ലഭിക്കും.
ചുമ ഇല്ലാതെയാക്കാനും കട്ടികുറഞ്ഞ കഫം പുറന്തള്ളാനും പൈനാപ്പിൾ ഉപയോഗിക്കാവുന്നതാണ്. ഇത് കഫത്തിനെ നേർപ്പിച്ച് ചുമച്ച് അതിനെ പുറന്തള്ളാൻ സഹായിക്കുന്നു . പ്രായമാകുമ്പോൾ പലരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നായ ആർത്രൈറ്റിസിന്റെ പ്രശ്നങ്ങളെ ഒരു പരിധിവരെ ഇല്ലാതെയാക്കാൻ പൈനാപ്പിൾ സഹായിക്കുന്നു .
രോഗപ്രതിരോധശേഷി കൂട്ടാനും വളരെ നല്ലതാണ് പൈനാപ്പിൾ അഥവാ കൈതച്ചക്ക. നമ്മുടെ പൂർവികർ ഔഷധമായി പൈനാപ്പിൾ ഉപയോഗിച്ചുവന്നിരുന്നു. കുട്ടികളിൽ നടത്തിയ ഒരു പഠനത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതിന് കഴിവുണ്ടെന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കുട്ടികളിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പൈനാപ്പിൾ വളരെയേറെ സഹായകരമാകുന്നു. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ക്യാൻസറിനെ ഇല്ലാതെയാക്കാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ബ്രോമലയിൽ സ്തനാർബുദത്തിന് കാരണമാകുന്ന കോശങ്ങൾ വളരുന്നതിനെ തടയുന്നു.പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, കൊഴുപ്പ് അടിഞ്ഞുകൂടുന്നത്, കരളിലെ കൊഴുപ്പ് തുടങ്ങിയവയെല്ലാം കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കുടവയർ കുറയാനും പൈനാപ്പിൾ മികച്ചതാണ്. എല്ലുകളുടെ വളർച്ചയ്ക്ക് ആവശ്യമായ മാംഗനീസ് കൂടാതെ ജീവകം സി എന്നിവ പൈനാപ്പിളിൽ അടങ്ങിയിട്ടുള്ളതിനാൽ കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുകയും മുതിർന്നവരിൽ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ പൈനാപ്പിൾ വലിയ പങ്കുവഹിക്കുന്നുണ്ട്.
ചിലരിൽ പൈനാപ്പിൾ അലർജി ഉണ്ടാക്കും. ചൊറിച്ചിൽ, നടുവേദന, ചർദ്ദി എന്നിവ ഉണ്ടാകാനുള്ള സാധ്യത ചിലർക്കുണ്ട് . ആസ്മയ്ക്ക് നല്ലതാണെങ്കിലും ചിലരിൽ ഇത് വിപരീത ഫലം ചെയ്യും. പഞ്ചസാര താരതമ്യേന കുറവായതിനാൽ പ്രമേഹ രോഗികൾക്ക് പോലും പൈനാപ്പിൾ കഴിക്കാം. പക്ഷേ മിതമായ അളവിൽ ആയിരിക്കണം എന്നു മാത്രം..
