വിടവാങ്ങിയ അപൂർവ്വ പിറവി – ഷാജി എൻ കരുൺ
മലയാള സിനിമയെ ദേശീയ അന്തർദേശീയ തലങ്ങളിൽ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എൻ കരുൺ. ഛായാഗ്രാഹകനായി സിനിമയിലെത്തിയ അദ്ദേഹത്തിന്റെ ആദ്യ സംവിധാനമാണ് ‘പിറവി’ എന്ന ചിത്രം. 1989 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ച സിനിമയാണ് ‘പിറവി’ . എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത ചിത്രമാണിത്. ഏറ്റവും അധികം പുരസ്കാരങ്ങൾ വാരിക്കൂട്ടിയതും പിറവി എന്ന ചിത്രം തന്നെയാണ്. പ്രേംജിക്ക് മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിക്കൊടുത്തതും ഈ സിനിമയാണ്.
അടിയന്തരാവസ്ഥ കാലത്തെ രാജൻ തിരോധാന കേസാണ് പിറവിയുടെ പ്രമേയം. കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രമാണ് അദ്ദേഹത്തിൻറെ രണ്ടാമത്തെ ചിത്രമായ ‘സ്വം’. വർത്തമാനകാലം ബ്ലാക്ക് ആൻഡ് വൈറ്റിലും ഫ്ലാഷ് ബാക്ക് കളറിലുമായി വ്യത്യസ്തമായാണ് ഈ ചിത്രം ചിത്രീകരിച്ചിട്ടുള്ളത്. കഥാപാത്രങ്ങളുടെ ഭൂതകാലം സജീവവും വർത്തമാനകാലം നിറം മങ്ങിയതുമാണെന്ന് കാണിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് ഷാജി എൻ കരുൺ പറഞ്ഞിട്ടുണ്ട് . മേള കലാകാരനായ ഉണ്ണികൃഷ്ണമാരാരും മോഹിനിയാട്ട കലാകാരി നളിനിയും തമ്മിലുള്ള ബന്ധമാണ് ‘സ്വപാനം’ എന്ന അദ്ദേഹത്തിൻറെ സിനിമയ്ക്ക് ആധാരം. സ്വപാനത്തിന് ശേഷം പുറത്തിറങ്ങിയ ‘ഓള്’ എന്ന ചിത്രം മാനഭംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്.
കഥകളിയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രമായ ‘വാനപ്രസ്ഥം’ മോഹൻലാലിൻ്റെ കരിയറിലെ മാസ്റ്റർപീസുകളിലൊന്നായിരുന്നു. പ്രമുഖ കഥകളി നടൻ കലാമണ്ഡലം ഗോപിയാശാൻ്റെയും തബലിസ്റ്റ് സക്കീർ ഹുസൈനിന്റേയും കയ്യൊപ്പ് പതിഞ്ഞ ചിത്രമായിരുന്നു വാനപ്രസ്ഥം. 2000-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മോഹൻലാലിന് നേടിക്കൊടുത്ത ചിത്രം കൂടിയാണിത് .കഥകളിക്കും സംഗീതത്തിനും അഭിനയ മുഹൂർത്തങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രമായിരുന്നു ‘വാനപ്രസ്ഥം’.
കൊല്ലം ജില്ലയിൽ 1952-ൽ ജനിച്ച ഷാജി എൻ കരുൺ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഡിഗ്രിയും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായഗ്രഹണത്തിൽ ഡിപ്ലോമയും നേടി. കേരളസംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ രൂപവൽക്കരണത്തിന്റെ ആസൂത്രണത്തിൽ അദ്ദേഹത്തിൻറെ പങ്ക് നിസ്തുലമാണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനവും ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. 2011 ൽ പത്മശ്രീ അവാർഡിനും 2023 ൽ ജെ സി ഡാനിയൽ പുരസ്കാരത്തിനും അർഹനായി. പിറവി, സ്വം, വാനപ്രസ്ഥം എന്നീ സിനിമകളിലൂടെ കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായി മൂന്ന് ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെടുന്ന അപൂർവത സ്വന്തമാക്കിയ സംവിധായകൻ കൂടിയാണ് ഷാജി എൻ കരുണ്‍.

ആദരാഞ്ജലികൾ🌷