ഓർമ്മപ്പൊൻകണിയുമായി വീണ്ടുമൊരു വിഷു…
കേരളീയരെ സംബന്ധിച്ചിടത്തോളം ഓണം കഴിഞ്ഞാൽ ഏറ്റുമധികം ആഘോഷിക്കുന്ന ഉത്സവമാണ് വിഷു.കേരളത്തിൻ്റെ കർഷികോത്സവമായ വിഷു മലയാള മാസം മേടം ഒന്നിനാണ് ആഘോഷിക്കുന്നത്. വരുന്ന ഒരു വർഷത്തെ ഫലം മേടരാശിയിലൂടെ മലയാളികൾ കാത്തിരിക്കുന്നു.
തുല്യം എന്നർഥമുള്ള വിഷുവം എന്ന വാക്കിൽ നിന്നാണ് വിഷു എന്ന പേരിൻ്റെ നിഷ്പത്തി.വിഷുദിനത്തിൽ രാത്രിയും പകലും തുല്യ ദൈർഘ്യമാണെന്നാണ് വിശ്വാസം.
വിഷുവുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ഐതിഹ്യത്തിനാണ് മലയാളികൾക്കിടയിൽ ഏറെ പ്രചാരം. ക്രൂരനും അഹങ്കാരിയും ശക്തനുമായ നരകാസുരൻ്റെ ശല്യം ഇല്ലാതാക്കാൻ വേണ്ടി ശ്രീകൃഷ്ണൻ അസുരന്മാരോട് യുദ്ധം ചെയ്യുകയും അഹങ്കാരികളായ അസുരന്മാരെ എല്ലാം വധിക്കുകയും ചെയ്തു സമാധാനത്തിന്റെ കാലം ആരംഭിച്ചതോടെ ഭഗവാൻ ശ്രീകൃഷ്ണൻ അസുരശക്തിയുടെ മേൽ വിജയം നേടിയ ഈ ദിവസമാണ് വിഷുവായി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ഈ ഐതിഹ്യത്തിന് കേരളീയർക്കിടയിൽ പ്രചാരം കൂടുതലായതിനാൽ വിഷുദിനത്തിൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്തുന്നതും വിഷു ആചാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഗുരുവായൂർ അമ്പലം പോലെയുള്ള പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിഷുദിനത്തിൽ പ്രത്യേക പ്രാർത്ഥനകളും മറ്റും നടത്താറുണ്ട്
വിഷുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ ഏറ്റവും പ്രധാനം വിഷുക്കണിയാണ്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ വിഷുക്കണി ഒരുക്കി മറ്റുള്ളവരെ കാണിക്കുന്നു. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും നിറക്കുന്നു. കൂടെ മുണ്ടും സ്വർണ്ണവും വാൽക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും അടക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ എന്നിവയും, കൂടെ കത്തിച്ച നിലവിളക്കും നാളികേരത്തിന്റെ പാതിയും ശ്രീകൃഷ്ണ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുന്നത്.
സമൃദ്ധമായ വിഷുക്കണി കണ്ടുണരുന്നതോടെ ഈ വർഷം മുഴുവൻ സമൃദ്ധമായിരിക്കും എന്നാണ് വിശ്വാസം.
കണി കണ്ടതിനു ശേഷം ഗൃഹനാഥൻ അല്ലെങ്കിൽ കുടുംബത്തിലെ മുതിർന്ന ആൾ മറ്റുള്ളവർക്ക് വിഷുക്കൈനീട്ടം നൽകുന്നു.
കുട്ടികളെല്ലാം ഏറെ കാത്തിരിക്കുന്ന ഒരു ആചാരമാണിത്. വിഷു സദ്യ കഴിച്ച് എല്ലാവരും ആഘോഷത്തോടെയും സന്തോഷത്തോടെയും പുതുവർഷത്തിലെ നല്ല നാളുകൾക്കായി കാത്തിരിക്കുകയാണ്..
വിഷുദിനം മലയാളികളെ സംബന്ധിച്ചിടത്തോളം കൂട്ടായ്മയുടെ കൂടി ഉത്സവമാണ്.
വിഷുദിനത്തിൽ കുടുംബാംഗങ്ങളെയും അയൽപക്കക്കാരെയും വിഷു സദ്യക്കായി ക്ഷണിക്കുകയും സന്തോഷത്തോടുകൂടി എല്ലാവരും ഒരുമിച്ച് ആഘോഷിക്കുകയും ചെയ്യുന്നു എന്നത് ഏതൊരു ആഘോഷത്തെ പോലെയും വിഷുവിന്റെയും പ്രത്യേകതയായി കാണാം.
ഏവർക്കും ‘മൗസ് പബ്ലിസിറ്റി’യുടെ ഐശ്വര്യപൂർണ്ണമായ വിഷുവും സമൃദ്ധമായ പുതുവർഷവും ആശംസിക്കുന്നു.

Happy vishu
😍🩵