Culture & Literature

എന്താണ് വർണ്ണാഭമായ  ഈസ്റ്റർ മുട്ടകളുടെ പിന്നിലെ കഥകൾ 

ഹാരിസ് പി.എച്ച്.

കുരിശിലേറ്റപ്പെട്ടതിനു ശേഷമുള്ള മൂന്നാംനാൾ യേശു ഉയർത്തെഴുന്നേറ്റത്തിന്റെ ഓർമ്മക്കായി ക്രിസ്ത്യൻ മതവിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്.

ഈസ്റ്റർ ആഘോഷവേളയിൽ ആശംസാപോസ്റ്ററുകൾ  മുതൽ ഈസ്റ്റർ വിപണികളിലും ഈസ്റ്റർ ദിനത്തിലെ വിഭവങ്ങളിൽ  പോലും ശ്രദ്ധേയമായ ഒന്നാണ് വർണ്ണാഭമായ ഈസ്റ്റർ മുട്ടകൾ!

എന്നാൽ എന്താണ് ഈ കൗതുകകരമായ മുട്ടകളുടെ  പിന്നിലെ  കഥകൾ ?. പലതരത്തിലുള്ള കഥകളും വിശ്വാസങ്ങളും ഇതിനുപിന്നിലുണ്ട്. പുരാതന മെസോപ്പൊട്ടോമിയയിലെ ക്രിസ്ത്യൻ വിശ്വാസികൾക്കിടയിലാണ് ഈസ്റ്റർ മുട്ടകളുടെ ചരിത്രം ആരംഭിക്കുന്നത്. “ക്രിസ്തുവിന്റെ കുരിശുമരണത്തിൽ ചൊരിയപ്പെട്ട രക്തത്തിന്റെ ഓർമ്മയ്ക്കായി ” അവയിൽ അവർ ചുവപ്പ് നിറം പൂശി.അങ്ങിനെ 

അതൊരു ആചാരമായി തുടങ്ങി അവിടെ നിന്ന് ഓർത്തഡോക്സ് സഭകൾ വഴി കിഴക്കൻ യൂറോപ്പിലേക്കും സൈബീരിയയിലേക്കും പിന്നീട് കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് സഭകൾ വഴി യൂറോപ്പിലേക്കും ഇത് വ്യാപിച്ചു എന്നാണ് അനുമാനിക്കുന്നത്.എന്നാൽ നോമ്പുകാലത്ത് മുട്ടകൾ നിരോധിച്ചതിനാലാണ് ഈസ്റ്റർ വേളയിൽ മുട്ടകൾ വ്യാപകമായി ഉപയോഗിക്കുന്നതെന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
ഈസ്റ്റർ ബണ്ണിയെന്ന മുയലുകളാണ് ഈ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികൾക്കിടയിലെ കൗതുകം നിറഞ്ഞ വിശ്വാസം.ഈസ്റ്റർ ബണ്ണി ഒരു നാടോടി രൂപവും ഈസ്റ്ററിൻ്റെ പ്രതീകവുമാണ്. സാധാരണയായി ഈസ്റ്റർ മുട്ടകൾ കൊണ്ടുവരുന്ന മുയലായി ഈസ്റ്റർ ബണ്ണി ചിത്രീകരിക്കപ്പെടുന്നു. ജർമ്മൻ നാടോടിക്കഥകളിൽ നിന്നാണ് ഇത് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
പതിനഞ്ചാം നൂറ്റാണ്ടുമുതൽ തന്നെ ബ്രിട്ടനിൽ ഈസ്റ്റർ ദിനത്തിൽ അരിമാവ്, പഞ്ചസാര മുതലായവകൊണ്ടുണ്ടാക്കിയ ഈസ്റ്റർമുട്ടകൾ പ്രാർത്ഥനക്കുശേഷം വിതരണം ചെയ്യാറുണ്ടായിരുന്നു.അതുപോലെ ഈസ്റ്റർ ദിനത്തിൽ മുട്ടകൾ കുട്ടികൾക്ക് വേണ്ടി ഒളിപ്പിച്ചുവെക്കുകയും ചെയ്യുമായിരുന്നു.

ഒളിപ്പിച്ചു വയ്ക്കുന്ന മുട്ടകൾ കുട്ടികൾ തിരഞ്ഞുപിടിക്കും. അങ്ങിനെ  തിരഞ്ഞു കണ്ടുപിടിക്കുന്നതിനെ കുട്ടികൾ ‘കളി’യായി ‘ഈസ്റ്റർ എഗ് ഹണ്ട്’ എന്നുപറയുന്നു.

പരമ്പരാഗതമായി ഈസ്റ്റർ മുട്ടകൾ ഉണ്ടാക്കുന്നത് കോഴിമുട്ടകളോ താറാവിൻമുട്ടകളോ പുഴുങ്ങിയതിനു  ശേഷം ആകർഷകമായ രീതിയിൽ ചായങ്ങൾ പൂശിയിട്ടായിരുന്നു. എന്നാൽ ഇന്ന്  ചോക്ലേറ്റുകളും മിഠായികളും ഉള്ളിൽ നിറച്ചു പുറമെ വർണ്ണക്കടലാസുകൾകൊണ്ട് അലങ്കരിച്ചുകൊണ്ട് നിർമ്മിക്കപ്പെട്ട ഈസ്റ്റർ മുട്ടകൾ സുലഭമാണ്.

അങ്ങിനെ നിരവധിയാണ്  ഈസ്റ്റർ മുട്ടകളുമായി ബന്ധപ്പെട്ടുകിടക്കുന്ന കഥകൾ.

‘എല്ലാ പീഡകൾക്കുമപ്പുറം നല്ലൊരു പുലരി ഉയിർത്തെഴുന്നേൽക്കും’ എന്നൊരു മഹത്തായ സന്ദേശമാണ് ഈസ്റ്റർ നൽകുന്നത് …

ഏവർക്കും മൗസ് പബ്ലിസിറ്റിയുടെ ഈസ്റ്റർ ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *